728-pixel-x-90-2-learn
728-pixel-x-90
<< >>

അമേരിക്കയില്‍ കാണാതായ കുട്ടിയെ ദത്തെടുത്തത് കഴിഞ്ഞ വര്‍ഷം

നളന്ദ(ബിഹാര്‍): അമേരിക്കയിലെ ടെക്‌സസില്‍ കാണാതായ മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യൂസിനെ ദത്തെടുത്തത് കഴിഞ്ഞ വര്‍ഷം. ബിഹാറില്‍ നളന്ദയിലെ ആതുരാലയമായ മതര്‍ തെരേസ ആനന്ദ് സേവ സന്‍സ്ഥാന്‍ സെക്രട്ടറി ബബിത കുമാരിയാണ് ഇക്കാര്യം തീര്‍ച്ചപ്പെടുത്തിയത്. ഇതുവരെ രണ്ട് വര്‍ഷം മുമ്പ് കുട്ടിയെ ദത്തെടുത്തെന്നായിരുന്നു റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ഏഴിന് പുലര്‍ച്ചെ മുതല്‍ കുട്ടിയെ കാണാതായ വിവരം അറിഞ്ഞ ഞെട്ടലിലാണ് ഇവര്‍.

2016 ജൂണ്‍ 23നാണ് കേരളത്തില്‍ നിന്നെത്തിയ ദമ്പതികള്‍ ഷെറിന്‍ മാത്യൂസിനെ ദത്തെടുത്തതെന്ന് ബബിത കുമാരി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. വെസ്ലി മാത്യുവും ഭാര്യ സിനിയും ചേര്‍ന്ന് നളന്ദയില്‍ ദത്തെടുക്കാനെത്തുമ്പോള്‍ രണ്ട് വയസ്സായിരുന്നു ഷെറിന്റെ പ്രായം. ദമ്പതികളുടെ മൂത്ത കുട്ടിക്ക് കൂട്ടായി ഒരു സഹോദരി വേണമെന്ന ആവശ്യവുമായാണ് ഇവര്‍ എത്തിയത്. ഇവിടെ നിന്നും ദത്തെടുക്കുമ്പോള്‍ കുട്ടിയുടെ പേര് സരസ്വതി എന്നായിരുന്നു. ഗയയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുട്ടി നളന്ദയിലെ ആതുരാലയത്തിലെത്തുന്നത്. ഇവിടെ കഴിയുമ്പോള്‍ കുട്ടി പാല് കുടിക്കുന്നതില്‍ മടി കാട്ടിയിരുന്നില്ലെന്നാണ് ബബിത കുമാരി പറയുന്നത്.

കഴിഞ്ഞ ഏഴ് മുതലാണ് ടെക്‌സസിലെ വീട്ടു മുറ്റത്തു നിന്നും ഷെറിന്‍ മാത്യൂസിനെ കാണാതാകുന്നത്. സംഭവ ദിവസം പുലര്‍ച്ചെ മൂന്നിന് പാല് കുടിക്കാതിരുന്നതിന് ശിക്ഷയായി നേരം വെളുക്കും വരെ വീടിന് പുറത്തു നില്‍ക്കാന്‍ ആവശ്യപ്പെട്ട് വെസ്ലി മാത്യു അകത്തേക്ക് പോയി 15 മിനിറ്റ് ശേഷം തിരികെയെത്തുമ്പോള്‍ മുതല്‍ കുട്ടിയെ കാണാതായി. അന്ന് രാവിലെ റിച്ചാഡ്‌സണ്‍ പോലീസില്‍ വെസ്ലി മാത്യൂസ് നല്‍കിയ പരാതിയിലാണ് ഇക്കാര്യം പറയുന്നത്. പരാതിയുമായി ചെന്ന ഇയാളെ കുട്ടിയെ ബോധപൂര്‍വ്വം ഉപേക്ഷിച്ചെന്ന് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. അടുത്ത ദിവസം രണ്ടര ലക്ഷം അമേരിക്കന്‍ ഡോളറിന്റെ ജാമ്യത്തിലാണ് വെസ്ലി മാത്യൂസ് പുറത്തിറങ്ങിയത്‌.

കുട്ടിക്കായുള്ള തിരച്ചിലില്‍ പോലീസിനൊപ്പം എഫ് ബി ഐയും പങ്കുചേര്‍ന്നതായാണ് പിന്നീടുള്ള ദിവസങ്ങളില്‍ അറിയാനായത്. വെസ്ലി മാത്യൂസിന്റെ വീടിന് സമീപത്തുള്ള സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും കുട്ടിയെ കാണാതായെന്ന് പറയുന്ന സമയത്തിന് ശേഷം നാല് മണിയോടെ ഈ വിട്ടില്‍ നിന്നും ഒരു എസ് യു വി കാര്‍ പുറത്തേക്ക് പോയതായി വ്യക്തമാണ്. ഒരു മണിക്കൂറിന് ശേഷം ഈ വാഹനം ഇവിടേക്ക് തിരികെ എത്തിയതായി ദൃശ്യങ്ങളില്‍ കണ്ടെത്താനായി. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്. ഇത് സംബന്ധിച്ച് ചോദ്യം ചെയ്യലില്‍ വെസ്ലി മാത്യവും ഭാര്യ സിനിയും പോലിസിനോട് സഹകരിക്കുന്നില്ലെന്നാണ് അറിയുന്നത്. അതേസമയം മറ്റൊരു വശത്ത് കുട്ടിക്കായി ടെക്‌സസിന് പുറത്തേക്കും തിരച്ചില്‍ വ്യാപിപിക്കുകയും ചെയ്തു.

INDIANEWS24.COM Patna

Leave a Reply