728-pixel-x-90-2-learn
728-pixel-x-90
<< >>

അമേരിക്കയിലെ പെൺരോഷത്തില്‍ ഉലഞ്ഞു ഡോണള്‍ഡ് ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും

വാഷിംഗ്‌ടണ്‍: അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതല്‍ വനിതകളെ ജനപ്രതിനിധിസഭയില്‍ എത്തിച്ചിരിക്കുകയാണ്  ഇടക്കാല തെരഞ്ഞെടുപ്പിലൂടെ  അമേരിക്കന്‍ ജനത.പ്രതിനിധി സഭയിലേക്ക് മത്സരിച്ചത് 237 വനിതകള്‍. 435 സീറ്റിലേക്ക് വിജയിച്ചവരില്‍ 84 വനിതകള്‍. രണ്ടും ചരിത്രം. ട്രംപ് ഭരണത്തിനെതിരായ ജനവികാരം മുന്നില്‍ക്കണ്ട് പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ടിയാണ് കൂടുതല്‍ വനിതകളെ മത്സരരം​ഗത്തിറക്കിയത്. യുവജനങ്ങളും വനിതകളും ലൈം​ഗിക ന്യൂനപക്ഷങ്ങളും തദ്ദേശീയ അമേരിക്കന്‍ വംശജരും ട്രംപിനെ എതിര്‍ത്ത്  ഡെമോക്രാറ്റിക് പാര്‍ടിക്ക് ഒപ്പം നിന്നെന്ന് വ്യക്തമാക്കുന്നതാണ് തെര‍ഞ്ഞെടുപ്പുഫലം. 55 ശതമാനം വനിതകളും ഡെമോക്രാറ്റുകളെ പിന്തുണച്ചെന്ന് റോയിട്ടേഴ്സിന്റെ തെരഞ്ഞെടുപ്പ് സര്‍വേ ചൂണ്ടിക്കാട്ടി. 2014ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഇത് 49 ശതമാനമായിരുന്നു. 18നും 34 നും ഇടയില്‍ പ്രായമുള്ള വര്‍ 62 ശതമാനവും സ്പാനിഷ് വംശജര്‍ 33 ശതമാനവും ഡെമോക്രാറ്റുകളെ പിന്തുണച്ചു. തെരഞ്ഞെടുപ്പുദിനത്തില്‍ ബൂത്തുകള്‍ക്കു മുന്നില്‍ ദീര്‍ഘമായ നിരകളാണ് ദൃശ്യമായത്. 11.4 കോടി പേര്‍ വോട്ട് ചെയ്തെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോർട്ട‌്. നാലുവര്‍ഷം മുമ്പ് 8.3 കോടി പേരാണ് വോട്ട് ചെയ്തത്. 520 കോടി ഡോളറെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിക്കപ്പെട്ടെന്നാണ് നിരീക്ഷക ഏജന്‍സികളുടെ കണക്ക്. ഇതും റെക്കോര്‍ഡാണ്.

ഡോണള്‍ഡ് ട്രംപിന്റെയും തീവ്ര വലതുപക്ഷ മനസ്സുകാരായ  റിപ്പബ്ലിക്കന്‍ പാര്‍ടിയുടെയും സമ​ഗ്രാധിപത്യത്തിന്റെ അന്ത്യമാണ് അമേരിക്കയില്‍ കുറിക്കപ്പെടുന്നത്.രണ്ടു വര്‍ഷത്തിനിടെ പ്രതിനിധിസഭയിലെയും സെനറ്റിലെയും മുന്‍തൂക്കം ട്രംപിന് അപരിമിതമായ അധികാരമാണ് സമ്മാനിച്ചത്. ജനുവരിയില്‍ പുതിയ പ്രതിനിധിസഭ അധികാരമേല്‍ക്കുന്നതോടെ ട്രംപിന്റെ മുന്‍​ഗണനകള്‍ മാറ്റേണ്ടിവരും. കുടിയേറ്റക്കാരെ അമേരിക്കയില്‍നിന്ന‌് പുറത്താക്കാന്‍ നിയമം കൊണ്ടുവരാനുള്ള നീക്കം സഭയില്‍ ചോദ്യംചെയ്യപ്പെടുമെന്ന് ഉറപ്പാണ‌്. സാമൂഹ്യസേവന പദ്ധതികള്‍ വെട്ടിക്കുറച്ചതും നികുതിപരിഷ്കരണവും നടപ്പാക്കാന്‍ ബുദ്ധിമുട്ടാകും. ട്രംപ് ഭരണകൂടത്താല്‍ വേട്ടയാടപ്പെട്ട അമേരിക്കയിലെ ന്യൂനപക്ഷങ്ങളും തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കി. ആദ്യമായി രണ്ട് മുസ്ലിം വനിതകളെ ജനപ്രതിനിധി സഭയിലെത്തിക്കാന്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണയോടെ ഡെമോക്രാറ്റുകള്‍ക്കായി. റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ പ്രമുഖ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയാണ് കാന്‍സാസിലും ന്യുമെക്സിക്കോയിലും വനിതാ സ്ഥാനാര്‍ഥികള്‍ വിജയിച്ചത്.
INDIANEWS24 US DESK

Leave a Reply