jio 800x100
jio 800x100
728-pixel-x-90
<< >>

അമേതിയില്‍ നിന്നു രാഹുലും കേരളത്തിലും ത്രിപുരയിലും ബംഗാളിലും നിന്ന് ഇടതു പക്ഷവും പഠിക്കേണ്ടത്

കൊച്ചി:അമേതിയില്‍ രാഹുല്‍ ഗാന്ധി ബി ജെ പിയുടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോടു ഇരുപത്തി മൂവായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് പരാജയപ്പെട്ടത് കോണ്‍ഗ്രസ് നേതൃത്വത്തെ ഒട്ടൊന്നുമല്ല ഞെട്ടിച്ചത്.അതേ സമയം കേരളത്തില്‍ നാലു ലക്ഷത്തി മുപ്പതിനായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് റെക്കോര്‍ഡ് വിജയം നേടിയത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനു നേട്ടമായി എന്ന വസ്തുത വിസ്മരിക്കുന്നില്ല.കേരളത്തില്‍ ഇരുപതില്‍ പത്തൊമ്പത് സീറ്റുകള്‍ നേടാന്‍ യു ഡി എഫിനെ സഹായിച്ച കാരണങ്ങളില്‍ ഒന്ന് രാഹുലിന്റെ അപ്രതീക്ഷിത സ്ഥാനാര്‍ഥിത്വവും കൂടിയായിരുന്നു.പക്ഷെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം തൊട്ടടുത്ത സംസ്ഥാനമായ കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിന് ഒരു ഗുണവും ചെയ്തില്ല എന്നതും ഓര്‍ക്കേണ്ടതുണ്ട്.കേരളത്തില്‍ സി പി എമ്മും കോണ്‍ഗ്രസും പരസ്പരം മത്സരിച്ചതും ബംഗാളില്‍ ചില സീറ്റുകളില്‍ മാത്രം നീക്ക് പോക്കുണ്ടാക്കിയതും അണികളിലും വോട്ടര്‍മാരിലും സൃഷ്ടിച്ചത് കടുത്ത ആശയക്കുഴപ്പമായിരുന്നു.ബി ജെ പി പേടിയില്‍ ഉടലെടുത്ത ന്യൂനപക്ഷ ധ്രുവീകരണം തല്‍ക്കാലം കോണ്‍ഗ്രസിന് കേരളത്തില്‍ വന്‍ ഗുണം ചെയ്തെങ്കിലും ദൂരവ്യാപകമായി അത് ഭൂരിപക്ഷ ധ്രുവീകരണത്തിനു വഴി തെളിച്ചേക്കും.

പ്രിയങ്ക ഗാന്ധി പ്രചരണത്തിന് നേതൃത്വം നല്‍കിയ ഉത്തര്‍പ്രദേശിലും കോണ്‍ഗ്രസ് നേരിട്ടത് ദയനീയ പരാജയമായിരുന്നു.പ്രത്യകിച്ചു അമേതിയില്‍ രാഹുല്‍ ഗാന്ധിക്കേറ്റ പരാജയം ഒരര്‍ഥത്തില്‍ പ്രിയങ്കയുടെതും കൂടിയാണ്.സോണിയ ഗാന്ധി മാത്രമാണ് ഉത്തര്‍പ്രദേശില്‍ നിന്നും വിജയിച്ച ഏക കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.അടുത്തിടെ വിജയിച്ച ഛത്തീസ്ഗഡ്‌,രാജസ്ഥാന്‍,മധ്യപ്രദേശ്,കര്‍ണ്ണാടകം  എന്നീ സംസ്ഥാനങ്ങളിലെ പരാജയം കോണ്‍ഗ്രസ് നേരിടുന്ന ദുരന്തത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നു.കേവലം പഞാബിലും കേരളത്തിലും മാത്രം ഒതുങ്ങുന്ന ഒരു പ്രാദേശിക പാര്‍ട്ടിയുടെ പരിവേഷമാണ് ദശകങ്ങളോളം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസിന് ഇന്നുള്ളത്.ഇടതു പക്ഷത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.ബംഗാളിലും ത്രിപുരയിലും പിടി മുറുക്കിയ ബി ജെ പി കേരളത്തിലും വോട്ടു വിഹിതം വര്‍ദ്ധിപ്പിച്ചിരിക്കുന്നത് സി പി എമ്മിനെ ഇരുത്തി ചിന്തിപ്പിക്കും.കോണ്‍ഗ്രസും സി പി എമ്മും ദേശീയ തലത്തിലും പ്രാദേശിക തലത്തിലും ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പശ്ചിമ ബംഗാളില്‍ തിരിച്ചു വരാന്‍ സാധിക്കനാവാത്ത വിധം ഇരു കൂട്ടര്‍ക്കും ഏറ്റ തിരിച്ചടിയില്‍ നിന്നും ഇനിയെങ്കിലും സി പി എമ്മും സി പി ഐയും കോണ്‍ഗ്രസും പഠിപ്പിച്ചില്ലെങ്കില്‍ വരുംകാല ചരിത്രം ഇരുകൂട്ടര്‍ക്കും മാപ്പ് നല്‍കില്ല.ഇടതു പക്ഷവും കോണ്‍ഗ്രസും സംശുദ്ധത കുറച്ചെങ്കിലും അവശേഷിക്കുന്ന പ്രാദേശിക കക്ഷികളും ഇക്കുറി സംപൂജ്യരായിയെങ്കിലും ആം ആദ്മി പാര്‍ട്ടി പോലുള്ള കക്ഷികളും ഒരുമിക്കുന്ന ഒരു മുന്നണിക്ക് ഇരുന്നൂറു സീറ്റുകളെങ്കിലും വരുകാല തെരഞ്ഞെടുപ്പുകളില്‍ നേടുക ബാലികേറാമലയായി മാറില്ല എന്നുറപ്പിക്കാം.ഒപ്പം കമ്മ്യൂണിസ്റ്റ്‌ കക്ഷികളുടെ ലയനത്തിനു ഇനിയും എന്തിനു കാത്തിരിക്കണം എന്ന് സി പി എം ഉറക്കെ ചിന്തിക്കണം.കനയ്യ കുമാറിനെപ്പോലുള്ള യുവ നേതാക്കളും ബിനോയ്‌ വിശ്വത്തെയും പന്ന്യന്‍ രവീന്ദ്രനെയും മുല്ലക്കര രത്നാകരനെയും പോലുള്ള മുതിര്‍ന്ന നേതാക്കളും  സി പി ഐ യില്‍ മാത്രം ഒതുങ്ങേണ്ടവരല്ല.ഇന്നത്തെ രാഷ്ട്രീയത്തില്‍ അവര്‍ക്കും കൂടുതല്‍ വലിയ ചുമതലകള്‍ വഹിക്കാനുണ്ട്.ആര്‍ എസ് പി യും ജനതാദളും അവഗണിക്കപ്പെടേണ്ടവരുമല്ല.കോണ്‍ഗ്രസിന്റെയും സി പി എമ്മിന്റെയും വല്യേട്ടന്‍ മനോഭാവം ഉപേക്ഷിക്കാനുള്ള ആര്‍ജ്ജവം ഉണ്ടായേ തീരൂ.അല്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാന്‍ ആളുണ്ടാവില്ല.ഇന്ത്യയ്ക്ക് ഒരു പ്രതിപക്ഷ നേതാവിനെയെങ്കിലും നല്‍കാന്‍ നിങ്ങള്‍ സന്മനസ് കാണിക്കണം.

INDIANEWS24 EDITORIAL DESK

One Response to അമേതിയില്‍ നിന്നു രാഹുലും കേരളത്തിലും ത്രിപുരയിലും ബംഗാളിലും നിന്ന് ഇടതു പക്ഷവും പഠിക്കേണ്ടത്

  1. Swaraj Reply

    May 23, 2019 at 11:45 PM

    Exactly correct

Leave a Reply