728-pixel-x-90-2-learn
728-pixel-x-90
<< >>

അമൃതാനന്ദമയി മാത്രമല്ല, അറ്റ്ലസ്‌ രാമചന്ദ്രനും ദൈവമാണ്

കേരളക്കരയില്‍ അമൃതാനന്ദമയി മാത്രമാണ് ഒരേയൊരു ദൈവം എന്നായിരുന്നു വിചാരം. പക്ഷേ, അങ്ങനെയല്ല. അറ്റ്ലസ്‌ രാമചന്ദ്രനും ഷബീര്‍ നെല്ലിക്കോടും ബോബി ചെമ്മണ്ണൂരുമൊക്കെ ദൈവങ്ങളാണ്. മലയാളി അല്ലെങ്കിലും ബി ആര്‍ ഷെട്ടി എന്ന മറ്റൊരു ദൈവവും നമുക്ക് സ്വന്തമായുണ്ട്‌. അതുകൊണ്ട് കേരളത്തെ ഇനി ദൈവത്തിന്‍റെ സ്വന്തം നാട് എന്നല്ല ദൈവങ്ങളുടെ സ്വന്തം നാട് എന്ന് വിളിക്കാം. അമൃതാനന്ദമയിയെ അമ്മ എന്ന് വിളിക്കുന്നതുപോലെ വിശ്വാസികള്‍ക്ക് അറ്റ്ലസ് രാമചന്ദ്രനെയും ബോബിയെയുമൊക്കെ അച്ഛാ എന്നും വിളിക്കാം.

ആഭ്യന്തരകലാപം നടക്കുന്ന ഇറാഖില്‍ അകപ്പെട്ടുപോയ പാവം മലയാളിനഴ്സുമാര്‍ തിരിച്ചുവന്നപ്പോഴാണ് കേരളത്തില്‍ ഇത്രയേറെ ദൈവങ്ങള്‍ ഉണ്ടെന്ന് മനസിലായത്. എന്തുകൊണ്ടാണ് ഇവരെയൊക്കെ നമ്മള്‍ ഇതുവരെ തിരിച്ചറിയാതെ പോയത്? ഓരോന്നിനും അതിന്‍റെതായ സമയമുണ്ടല്ലോ ദാസാ, എന്നാണല്ലോ പ്രമാണം.

ഇറാക്കില്‍ നിന്ന് തിരിച്ചുവന്ന മുഴുവന്‍ പെങ്കൊച്ചുങ്ങള്‍ക്കും തങ്ങള്‍ തന്നെ ജോലി കൊടുക്കുമെന്ന വാശിയിലാണ് അറ്റ്ലസും ചെമ്മണ്ണൂരും ഷെട്ടിയുടെ എന്‍എംസിയും അമൃതയും നെല്ലിക്കോടിന്‍റെ യൂണിവേഴ്സലുമൊക്കെ. ഇനി അവളുമാര്‍ ജോലി വേണ്ട എന്ന് പറഞ്ഞാല്‍ തട്ടിക്കൊണ്ടു പോയിട്ടാണെങ്കിലും ജോലി കൊടുക്കും. അതിനു വേണ്ടി പരസ്പരം അങ്കംവെട്ടണമെങ്കില്‍ അതിനും തയ്യാര്‍. ഇതൊക്കെ കേട്ട് വന്ന പെങ്കൊച്ചുങ്ങള്‍ ഇറാഖിലേക്ക് തിരിച്ചുപോകുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ബി ആര്‍ ഷെട്ടിയുടെയും അമൃതാനന്ദമയിയുടെയും അറ്റ്ലസ് രാമചന്ദ്രന്റെയുമൊക്കെ അഗതികളോടുള്ള സ്നേഹം കണ്ടാല്‍ കണ്ണ് നിറഞ്ഞുപോകും. പക്ഷേ, അറിയാഞ്ഞിട്ടു ചോദിക്കുവാ… നിങ്ങളൊക്കെ ഉടലോടെ ഈ ഭൂമിയില്‍ ഉണ്ടായിരുന്നപ്പോള്‍ തന്നെയല്ലേ ഈ പാവം നഴ്സുമാര്‍ കിടക്കാടം പണയംവെച്ചും കൊള്ളപ്പലിശയ്ക്ക് കടം മേടിച്ചും ഇറാഖിലേക്ക് , ബോംബും തോക്കും റോക്കറ്റുകളും മനുഷ്യമാംസം ചവച്ചുതുപ്പുന്ന ഇറാഖിലേക്ക് വിമാനം കയറിയത്. അന്ന് എവിടെയായിരുന്നു അമൃതാനന്ദമയി, എവിടെയായിരുന്നു അറ്റ്ലസ് രാമചന്ദ്രന്‍, എവിടെയായിരുന്നു ബി ആര്‍ ഷെട്ടി ?

പാവപ്പെട്ടവന്റെയും ദുരിതമനുഭവിക്കുന്നവന്റെയും കണ്ണീരൊപ്പുന്നവനാണ് ദൈവം എന്നാണ് വെയ്പ്പ്. പക്ഷേ, ഇതുപോലെ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങുന്ന ദൈവങ്ങളെ ഞങ്ങള്‍ മലയാളികള്‍ക്ക് വേണ്ട. അതുകൊണ്ട് അമൃതാനന്ദമയി ആദ്യം ചെയ്യേണ്ടത്, നിങ്ങളുടെ ആശുപത്രിയില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് മാന്യമായി ജീവിക്കാനുള്ള ശമ്പളം കൊടുക്കുക എന്നതാണ്. അറ്റ്ലസിന്‍റെ ആശുപത്രികളില്‍ ഇത്രയേറെ ഒഴിവുകള്‍ ഉണ്ടായിരുന്നിട്ടും എന്തേ രാമചന്ദ്രാ പറയാതിരുന്നത്. ഇത്രനാള്‍ ഉണ്ടായിരുന്ന നഴ്സുമാരെക്കൊണ്ട് നിങ്ങള്‍ കൂടുതല്‍ ജോലി ചെയ്യിക്കുകയായിരുന്നു എന്നല്ലേ ഞങ്ങള്‍ മനസിലാക്കേണ്ടത്.

അടിമപ്പണി ചെയ്യുന്ന നാഴ്സുമാര്‍ കൂലി കൂട്ടിത്തരണമെന്ന് പറഞ്ഞപ്പോള്‍ ഗുണ്ടകളെ വിട്ട് കയ്യുംകാലും തല്ലിയൊടിച്ച കരുണാസാഗരമാണ് ഇപ്പോള്‍ ഇറാഖില്‍ നിന്ന് വന്ന നഴ്സുമാരുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നത്.

ലക്ഷങ്ങള്‍ മുടക്കി പത്രങ്ങളിലും ടിവിയിലും പരസ്യം നല്‍കുന്നതിലും നല്ലതാണ് ഇത്തരം നമ്പറുകള്‍ എന്ന് ഇപ്പോഴത്തെ മുതലാളിമാര്‍ക്കറിയാം. വേദനിക്കുന്ന കോടീശ്വരന്‍റെ കഥകള്‍ എല്ലാ പത്രങ്ങളിലും ഒന്നാം പേജില്‍ എട്ട് കോളം വരും. ന്യൂസ്‌ അവറില്‍ ചര്‍ച്ചയാകും. കൊള്ളപ്പലിശക്കാരന്‍ ബോബി ചെമ്മണ്ണൂര്‍ അതുകൊണ്ടാണല്ലോ കേരളത്തിലെ പാവങ്ങള്‍ക്ക് രക്തം കിട്ടാന്‍ വേണ്ടി വടക്കു തെക്ക് ഓടിയത്. പത്ത് പിച്ചക്കാശ് കിട്ടിയാല്‍ പാണന്മാരെ തോല്‍പിക്കും വിധം പാടിപ്പുകഴ്ത്താന്‍ പോന്ന മാധ്യമകേസരികള്‍ ഉള്ളിടത്തോളം ഇവരുടെ അപദാനങ്ങള്‍ കേള്‍ക്കാനാണ്‌ മലയാളികളുടെ വിധി.

One Response to അമൃതാനന്ദമയി മാത്രമല്ല, അറ്റ്ലസ്‌ രാമചന്ദ്രനും ദൈവമാണ്

  1. T V JOSHUA Reply

    July 12, 2014 at 6:13 PM

    HIPOCRACY……NEVER MIND…….ATLEAST SOMEONE GETS BENEFITED, REASONS WHATSOEVER MAY BE!

    JOSHUA

Leave a Reply