റാം മലയാളിക്ക് അപരിചിതനല്ല.ക ട്രത് തമിഴും തങ്കമീന്‍കളും തരമണിയുമൊക്കെയൊരുക്കിയ തമിഴ് സംവിധായകന് റാമിന് കേരളത്തിലും ഒരു നല്ല പ്രേക്ഷകവൃന്ദമുണ്ട്.മുന്‍ ചിത്രങ്ങളിലെല്ലാം തന്റേതായ കൈയൊപ്പ് ചാര്‍ത്തിയ സംവിധായകനൊപ്പം മമ്മൂട്ടി എത്തുമ്പോള്‍ സംഭവിക്കാന്‍ സാധ്യതയുള്ള മാജിക്കിലായിരുന്നു ആ പ്രേക്ഷക പ്രതീക്ഷകള്‍. അത്തരം പ്രതീക്ഷകളൊന്നും അസ്ഥാനത്തായില്ല എന്നതാണ് പേരന്‍പിന്റെ മാധുര്യം.സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, വൈകാരികാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ അച്ഛനാണ് അമുദന് എന്ന മമ്മൂട്ടി കഥാപാത്രം. ഈ അച്ഛന്റെയും മകളുടെയും കഥയിലൂടെ പലവിധ ജീവിതസാഹചര്യങ്ങളാലും ശാരീരികമായ സവിശേഷതകളാലും ഒറ്റപ്പെട്ടും ഓരം ചേര്‍ക്കപ്പെട്ടും പോകുന്ന മനുഷ്യരിലേക്കാണ് റാമിന്റെ നോട്ടം. വൈകാരികമായ ഭാരമേല്‍പ്പിക്കുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ ഇപ്പോള്‍ തീരെയില്ലെന്നുതന്നെ പറയാം. എന്നാല്‍ തമിഴില്‍ അത് സംഭവിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. അക്കൂട്ടത്തിലാണ് പേരന്‍പിന്റെയും സ്ഥാനം.
തന്റെ തെരഞ്ഞെടുക്കലുകളുടെ പാളിച്ചകളിലൂടെ നമുക്ക് പതിയെ നഷ്ടപ്പെട്ടുകൊണ്ടിരുന്ന മമ്മൂട്ടി എന്ന അഭിനയ പ്രതിഭയെ ഊതിക്കാച്ചിയ തങ്കമായി വിളക്കിത്തരാന് റാമിന് കഴിഞ്ഞു.ഇനി അത് നിലനിര്‍ത്തുക എന്നത് മമ്മൂട്ടിയുടെ ഡേറ്റുകള്‍ ഉപയോഗിച്ച് അദ്ദേഹത്തിന്റെ സുദീര്‍ഘമായ കലാജീവിതത്തിന് കളങ്കമേല്‍പ്പിക്കുന്ന സംവിധാന-തിരക്കഥ പ്രതിഭകളുടെ ഉത്തരവാദിത്തമാണ്,ഒപ്പം മമ്മൂട്ടിയുടെയും.മമ്മൂക്കാ, നിങ്ങളെ ഞങ്ങള്‍ക്ക് എപ്പൊഴും കാണണ്ടാ, വല്ലപ്പോഴും ഇങ്ങനെ അമുദനെപ്പോലെ കണ്ടാല്‍ മതി.എന്ന് കരുതി ബുദ്ധി ജീവി സിനിമകളില്‍ മാത്രം അങ്ങ് അഭിനയിക്കണം എന്നല്ല പറയുന്നത്.അങ്ങയുടെ ഭൂരിഭാഗം ഹിറ്റുകളും മമ്മൂട്ടി എന്ന നടന്റെ അഭിനയത്തിന്റെ ഉരകല്ലുകളും കൂടിയായിരുന്നുവല്ലോ.ജോഷിയുടെ ന്യൂഡല്‍ഹിയും മഹായാനവും ഐ വി ശശിയുടെ ഒട്ടു മിക്ക ചിത്രങ്ങളും പദ്മരാജന്റെയും എം ടി യുടെയും ലോഹിതദാസിന്റെയും ഭരതന്റെയും എത്ര ചിത്രങ്ങളാണ് ഞങ്ങള്‍, മലയാളി പ്രേക്ഷകര്‍ നൂറും നൂറ്റമ്പതും ദിവസങ്ങള്‍ ആഘോഷിച്ചത്.ഓര്‍ക്കണം അങ്ങത്.
തമിഴകം അങ്ങയുടെ അഭിനയ മികവിനെ വാഴ്ത്തുമ്പോള്‍ തന്നെ തിയേറ്ററുകളില്‍ എത്തിയ തെലുങ്ക് ചിത്രം യാത്രയും തരുന്നത് ശുഭ വാര്‍ത്തകളാണ്.നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം എന്നതാണ് കേരളത്തിലെ പ്രേക്ഷകര്‍ക്കിടയില്‍ ‘യാത്ര’ ചര്‍ച്ചാവിഷയമാക്കിയത്. ‘പേരന്‍പി’ന് ശേഷം മറ്റൊരു മറുഭാഷാ ചിത്രത്തില്‍, അതും ആന്ധ്രയിലെ എക്കാലത്തെയും പ്രധാന രാഷ്ട്രീയ നേതാക്കളില്‍ ഒരാളുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നതും കൗതുകം ഏറെ വര്‍ദ്ധിപ്പിച്ചിരുന്നു. റാമിന്റെ ‘പേരന്‍പി’ലെ ‘അമുദന്’ മമ്മൂട്ടിയിലെ ഇരുത്തംവന്ന നടനെയാണ് ഉപയോഗിച്ചതെങ്കില്‍ ‘യാത്ര’യില്‍ സംവിധായകനായ മഹി വി രാഘവ് അദ്ദേഹത്തിലെ താരത്തെയും നടനെയും ഒപ്പം ഉപയോഗിക്കുന്നു. മൂന്ന് പതിറ്റാണ്ട് തെരഞ്ഞെടുപ്പുകളില്‍ പരാജയം എന്തെന്നറിയാത്ത രാഷ്ട്രീയ നേതാവിനെ സ്ക്രീനിലെത്തിക്കാന്‍ മമ്മൂട്ടിയുടെ താരപ്രഭാവത്തെയാണ് സംവിധായകന് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. അതില്‍ അദ്ദേഹം വിജയിച്ചിട്ടുമുണ്ട്. 2004 നിയമസഭാ തെരഞ്ഞെടുപ്പില്‍, ചിത്രത്തിലില്ലാതിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ഭരണത്തിലെത്താന്‍ കാരണമായ, വൈഎസ്ആര്‍ നയിച്ച 1475 കി.മീ. ദൈര്‍ഘ്യമുള്ള പദയാത്രയിലാണ് സിനിമയുടെ ഊന്നല്‍. രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വിജയമായി വിലയിരുത്തപ്പെട്ടതാണ് ഈ പദയാത്ര. സംസ്ഥാന കോണ്‍ഗ്രസിനും പുതുജീവനേകിയ ഈ പദയാത്രയ്ക്ക് വൈഎസ്ആറിനെ പ്രേരിപ്പിച്ചതെന്തൊക്കെയെന്നും ആ യാത്രയിലൂടെ വൈഎസ്ആറിലെ രാഷ്ട്രീയ നേതാവിനുണ്ടായ തിരിച്ചറിവുകള്‍ എന്തൊക്കെയെന്നും സിനിമ പരിശോധിക്കുന്നു.
മുപ്പത്തി മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയ ബാലുമഹേന്ദ്രയുടെ യാത്ര ഇന്നും മലയാളിയുടെ ഗൃഹാതുരത്വമാണ്.യാത്രയിലെ ഉണ്ണിക്കൃഷനെയും തുളസിയും തന്നനം താനന്നം താളത്തിലാടി എന്ന ഗാനവും പ്രണയസുന്ദരമായ ക്ലൈമാക്സും എങ്ങിനെ മറക്കും.ഇനിയും തനിക്ക് ആടിതീര്‍ക്കാന്‍ നിരവധി വേഷങ്ങളുണ്ട് എന്ന് മമ്മൂട്ടി തിരിച്ചറിയണം.അതിന്റെ തുടക്കമാകട്ടെ പേരന്‍പും പുതിയ കാലത്തിലെ യാത്രയും.അമിതാഭ് ബച്ചന് ഇന്ന് അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും അരനാഴികനേരത്തിലെ കുഞ്ഞേനാച്ചനും കടല്‍പ്പാലത്തില്‍ സാക്ഷാല്‍ സത്യന് മാഷ് അവതരിപ്പിച്ച വേഷങ്ങളും ഒക്കെ അങ്ങ് ഒന്ന് ഓര്‍ക്കണം.ആ ഓര്‍മ്മകള്‍ മലയാളത്തിനു സമ്മാനിക്കുന്നത് മറ്റൊരു വസന്ത കാലമായിരിക്കും എന്നുറപ്പാണ്.
INDIANEWS MOVIE DESK