അബുദാബി:രാജ്യത്തെ എല്ലാ ജനങ്ങളുടെയും ആരോഗ്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുകയെന്ന ലക്ഷ്യവുമായി അബുദാബി പോലീസിന്റെ വെയിറ്റ് കെയര്‍ ക്ലിനിക് പദ്ധതി തുടങ്ങി.അമിത ഭാരം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ബോധ്യപ്പെടുത്തി കൃത്യമായ ബോധവല്‍ക്കരണം നടത്തലാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
ആരോഗ്യം സംരക്ഷിക്കുന്നതിനായി അത്യാധുനിക ഉപകരണങ്ങളുമായാണ് പോലീസ് നിയോഗിച്ച ക്ലിനിക്കല്‍ സംഘം പരിശോധനാ സാമഗ്രികള്‍ ഒരുക്കിയിരിക്കുന്നത്.പൊണ്ണത്തടിക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തുകയെന്ന സന്ദേശമുയര്‍ത്തിയാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.അനാരോഗ്യത്താല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, ഭാവിയില്‍ വരാന്‍ സാധ്യതയുള്ള ഗുരുതര പ്രശ്നങ്ങള്‍ എന്നിവ ജനങ്ങളില്‍ പോലീസിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരിക്കും.അബുദാബി പോലീസിലെ സാമ്പത്തിക സേവന ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഖലീല്‍ ദാവൂദ് ബര്ദാന് ആണ് ഇക്കാര്യം അറിയിച്ചത്.
സമൂഹത്തിലെ എല്ലാ അംഗങ്ങളും ആരോഗ്യപരമായി സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുകയെന്നതാണ് ഇതിലൂടെ പോലീസ് ലക്ഷ്യമിടുന്നത്.ഇതിനായി ശരീര ഭാരം,ഉയരം,ബി പി,ഷുഗര്‍ ലെവല്‍,വിറ്റാമിന്‍ തകരാറുകള്‍ എന്നിവയാകും പ്രധാനമായും പരിശോധിക്കുക.മെഡിക്കല്‍ പരിശോധനകള്‍ക്കുള്ള സംവിധാനങ്ങളും മറ്റുമായി മെഡിക്കല്‍ സംഘം സജ്ജമായിരിക്കും.സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പ് പിന്‍വലിക്കുന്നതിനുള്ള ഉപകരണവും ഇവര്‍ക്കൊപ്പം ഉണ്ടാകും.യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് ആണ് ഈ ഉപകരണം അവതരിപ്പിക്കുന്നത്.ഇതുപയോഗിച്ചാല്‍ ശരീരത്തിലെ കൊഴുപ്പുകള്‍ ഇല്ലാതായി തടി താനെ കുറയുമെന്നാണ് പറയുന്നത്.ഇത് ആവശ്യമായവര്ക്കാകും മെഡിക്കല്‍ സംഘം നല്‍കുക.