jio 800x100
jio 800x100
728-pixel-x-90
<< >>

അഭയ കേസ്: രാസപരിശോധന റിപ്പോര്‍ട്ട് തിരുത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടു

തിരുവനന്തപുരം:ഇരുപത് വര്‍ഷത്തിലേറെയായി ചര്‍ച്ചാ വിഷയമായ സിസ്റ്റര്‍ അഭയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ രണ്ട് വനിതാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കോടതി വെറുതെ വിട്ടു.കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയയുടെ രാസപരിശോധനാ ഫലങ്ങളടങ്ങിയ വര്‍ക്ക് ബുക്ക് രജിസ്റ്റര്‍ തിരുത്തിയെന്ന കേസിലെ പ്രതികളായ മുന്‍ ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ആര്‍ ഗീത, കെമിക്കല്‍ അനലിസ്റ്റ് എം ചിത്ര എന്നിവരെയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടത്.

സി ജെ എം ചാര്‍ളി വിന്‍സന്റാണ് കേസില്‍ തീര്‍പ്പു കല്‍പ്പിച്ചത്. ഇരുവര്‍ക്കുമെതിരായ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് കോടതി നിരീക്ഷിച്ചു. വര്‍ക്ക് ബുക്ക് തയ്യാറാക്കിയവര്‍ക്ക് അത് തിരുത്താനുള്ള അവകാശമുണ്ട്. എന്നാല്‍ തിരുത്തിയതില്‍ നടപടി ക്രമങ്ങള്‍ പാലിച്ചില്ല. വര്‍ക്ക് ബുക്ക് തിരുത്തിയത് ദുരുദ്ദേശത്തോട് കൂടിയാണെന്ന് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഒന്നും തന്നെ ഹര്‍ജിക്കാരന് ഹാജരാക്കാനായില്ല. വര്‍ക്ക്ബുക്ക് തിരുത്തിയതിന് പിന്നിലെ ഗൂഢാലോചയും തെളിയിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ തന്നെ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രതികളെ വെറുതെ വിടുന്നതെന്നും സി ജെ എം വിധിന്യായത്തില്‍ പറഞ്ഞു.

വിധിക്കെതിരെ ഹൈക്കോടതില്‍ അപ്പീല്‍ നല്‍കുമെന്ന് ഹര്‍ജിക്കാരനായ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ പറഞ്ഞു. ഔദ്യോഗിക രേഖ വ്യാജമായി ചമയ്ക്കല്‍, വ്യാജരേഖ അസലായി ഉപയോഗിക്കല്‍, തെളിവ് നശിപ്പിക്കല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കുമെതിരെ ചുമത്തിയിരുന്നത്.

INDIANEWS24 TVPM

Leave a Reply