728-pixel-x-90-2-learn
728-pixel-x-90
<< >>

അബുദാബിയിലെ പൊതുഗതാഗതം: മാന്യത കാട്ടയില്ലെങ്കില്‍ കനത്ത പിഴ

അബുദാബി: പൊതുഗതാഗത വാഹനങ്ങളില്‍ പെരുമാറ്റം നന്നല്ലെങ്കില്‍ അബുദാബിയില്‍ വന്‍ തുക പിഴയൊടുക്കേണ്ടിവരും. പുതുക്കിയ പിഴ 200 ദിര്‍ഹമാണ്. ഏകദേശം 3500 രൂപയിലധികം വരും ഇത്. ചില കേസുകളില്‍ പിഴ ഈടാക്കുന്നതിനു പുറമെ പൊലീസിനു കൈമാറുകയും ചെയ്യും. ഗതാഗതവകുപ്പ് മേധാവി ഷെയ്ഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

പണം നല്‍കാതെ യാത്ര ചെയ്യുക, സഹയാത്രികര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുക, സ്‌റ്റോപ് ഇല്ലാത്ത സ്ഥലങ്ങളില്‍ വാഹനം നിര്‍ത്താന്‍ ശ്രമിക്കുക, ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് 200 ദിര്‍ഹം പിഴ ഈടാക്കുക. ടിക്കറ്റ് മറ്റൊരാള്‍ക്കു കൈമാറ്റം ചെയ്താല്‍ പിഴ 500 ദിര്‍ഹമായിരിക്കും. 25 ഇനം നിയമലംഘനങ്ങളുടെ പട്ടികയാണ് തയാറാക്കിയത്.

200 ദിര്‍ഹം മുതല്‍ 2000 ദിര്‍ഹം വരെ പിഴയിനത്തില്‍ പിടിച്ചെടുക്കുമെന്നും ഗതാഗത നിയമം അനുശാസിക്കുന്നു. നഗരത്തിനകത്ത് സര്‍വീസ് നടത്തുന്ന പൊതുവാഹനങ്ങളില്‍ പത്തു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് ആവശ്യമില്ല. 55 പൂര്‍ത്തിയായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും യാത്ര സൗജന്യമാണ്. നഗരമേഖലകളെ ബന്ധിപ്പിച്ചുള്ള സര്‍വീസുകളിലും ഇതര എമിറേറ്റുകളിലേക്കും വിദ്യാര്‍ഥികള്‍ക്ക് പകുതി നിരക്ക് നല്‍കിയാല്‍ മതിയാകും.

നിരവധി നിബന്ധനകള്‍ പൊതുഗതാഗതത്തിന് അധികൃതര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. വാഹനങ്ങളിലെ ഏതെങ്കിലും ഉപകരണങ്ങളിലോ സ്വിച്ചുകളിലോ സ്പര്‍ശിക്കരുത്. തീ പിടിക്കാന്‍ സാധ്യതയുള്ളതോ പൊട്ടുന്നതോ മൂര്‍ച്ചയുള്ളതോ ആയ വസ്തുക്കള്‍ വാഹനങ്ങളില്‍ കയറ്റരുത്. പരിശോധനയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥര്‍ ടിക്കറ്റ് ആവശ്യപ്പെടുമ്പോള്‍ യാത്രക്കാര്‍ കാണിക്കണം. ടിക്കറ്റ് മറ്റുള്ളവര്‍ക്ക് കൈമാറാനോ വില്‍ക്കാനോ പാടില്ല. ജീവികളുമായി യാത്രചെയ്യുന്നതിനു വിലക്കുണ്ടെങ്കിലും വളര്‍ത്തുനായ്ക്കള്‍ക്ക് ഉപാധികളോടെ ഇളവ് നല്‍കിയിട്ടുണ്ട്. പൊതുവാഹനങ്ങളില്‍ സ്റ്റിക്കറുകള്‍, പരസ്യങ്ങള്‍, മറ്റു നോട്ടിസുകള്‍ എന്നിവ പതിക്കുന്നത് കുറ്റകരമാണ്. ഇരിപ്പിടങ്ങളില്‍ കാല്‍കയറ്റി വയ്ക്കുകയോ ശരീരഭാഗങ്ങള്‍ പുറത്തേക്കിട്ട് ഇരിക്കുകയോ അരുത്. ഇരിപ്പിടങ്ങള്‍ കയ്യേറുംവിധം സ്വന്തം സാധനങ്ങള്‍ ബാഗുകളും സീറ്റുകളില്‍ വയ്ക്കുന്നതും വിലക്കിയിട്ടുണ്ട്.

INDIANEWS24.COM Gulf Desk

Leave a Reply