728-pixel-x-90-2-learn
728-pixel-x-90
<< >>

അപകടങ്ങളില്‍ പെടുന്നവര്‍ക്ക് 48 മണിക്കൂര്‍ സൗജന്യ ചികിത്സയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്ത് അപകടങ്ങളില്‍ പെടുന്നവര്‍ക്ക് 48 മണിക്കൂര്‍ സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ ആശുപത്രികളെ കൂടാതെ സ്വകാര്യ ആശുപത്രികളില്‍ നിന്നും സൗജന്യ ചികിത്സ ലഭ്യമാക്കുന്നതാണ് പദ്ധതി. ഇന്‍ഷ്വറന്‍സ് കമ്പനികളുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് അടിയന്തര വിദഗ്ധ ചികില്‍സ ലഭ്യമാക്കുന്നതിനായി സംസ്ഥാനത്ത് സമഗ്ര ട്രോമ കെയര്‍ സംവിധാനം രൂപീകരിക്കാനും തീരുമാനമെടുത്തു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികള്‍, ജില്ലാ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. അപകടത്തില്‍പെട്ടവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ ആദ്യ 48 മണിക്കൂറിലെ ചികിത്സ ചിലവ് സര്‍ക്കാര്‍ വഹിക്കും. സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിക്കുന്നതെങ്കില്‍ ഈ സമയ പരിധിക്കുള്ളിലെ ചെലവ് റോഡ് സുരക്ഷ ഫണ്ടില്‍ നിന്ന് സര്‍ക്കാര്‍ നല്‍കും.

പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്‍ഷ്വറന്‍സ് കമ്പനികളുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചകളാരംഭിച്ചു. റോഡ് സുരക്ഷ ഫണ്ട്, കെഎസ്ടിപി, സാമൂഹ്യ ഉത്തരവാദിത്വ ഫണ്ട്, ബജറ്റ് വിഹിതം എന്നിവ ഉപയോഗിച്ചാണ് ട്രോമ കെയര്‍ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന്റെ ചുമതല ആരോഗ്യം, ആഭ്യന്തരം, ധനകാര്യം, ഗതാഗതം, പൊതുമരാമത്ത് സെക്രട്ടറിമാരെ ഏല്‍പിച്ചു.

പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തും . സ്വകാര്യ ഏജന്‍സികളില്‍ നിന്ന് ഇതിനു വേണ്ടി അപേക്ഷ ക്ഷണിക്കും. ഇതുമായി ബന്ധപ്പെട്ടവര്‍ക്ക് പരിശീലനം, ആശുപത്രികള്‍ തിരഞ്ഞെടുക്കുന്നതിന് പ്രത്യേക സോഫ്ട് വെയര്‍, കേന്ദ്രീകൃത കോള്‍ സെന്റര്‍ അങ്ങനെ എല്ലാം സജ്ജമാക്കും.

INDIANEWS24.COM T V P M

Leave a Reply