jio 800x100
jio 800x100
728-pixel-x-90
<< >>

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചത് ജൂലായ് 15 വരെയും ട്രെയിന്‍ ഗതാഗതം ആഗസ്റ്റ്‌ 12 വരെയും നീട്ടി

ന്യൂഡല്‍ഹി:അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍  നിര്‍ത്തിവച്ച നടപടി ഇന്ത്യ ജൂലായ് 15 വരെ നീട്ടി.കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ഡൗണിന് പിന്നാലെ മാര്‍ച്ച് 25-നാണ് ആഭ്യന്തര – അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ മെയ് 25-ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി പ്രത്യേക വിമാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സാധാരണ നിലയിലുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

ചരക്കുവിമാനങ്ങള്‍ക്ക് വിലക്കില്ല. സിവില്‍ വ്യോമയാന ഡയറക്‌ട‌ര്‍ ജനറല്‍ അനുമതി നല്‍കുന്ന വിമാനങ്ങള്‍ക്കും പറക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.യു.എസ്, ഫ്രാന്‍സ്, ജര്‍മനി, യു.കെ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടെന്നു വ്യോമയാന മന്ത്രാലയം അറിയിച്ചു.

അതെ സമയം രാജ്യത്ത് ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലെത്താന്‍ ആഗസ്റ്റ്‌ പന്ത്രണ്ട് വരെ കാത്തിരിക്കേണ്ടി വരും.രാജധാനി ഉള്‍പ്പെടെയുള്ള ചുരുക്കം ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് മാത്രമാണ് നിലവില്‍ അനുമതി നല്‍കിയിട്ടുള്ളത്.

INDIANEWS24 NEWDELHI DESK

Leave a Reply