ന്യൂഡല്‍ഹി: അനില്‍ അംബാനിക്കെതിരായ കോടതിയലക്ഷ്യ കേസിലെ ഉത്തരവ് തിരുത്തിയ കോര്‍ട് മാസ്റ്റര്‍മാരായ മാനവ് ശര്‍മ്മ, തപന്‍കുമാര്‍ ചക്രവര്‍ത്തി എന്നിവരെ സുപ്രീംകോടതി പിരിച്ചുവിട്ടു.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ് ഇവര്‍ക്കെതിരെ ഉത്തരവിറക്കിയത്. പിരിച്ചുവിടപ്പെട്ടവര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ റാങ്കിലുള്ളവരാണ്.
റിലയന്‍സ് ജിയോയ്ക്ക് ആസ്തികള്‍ വിറ്റവകയില്‍ 550 കോടി രൂപ നല്‍കിയില്ലെന്ന എറിക്സണ് ഇന്ത്യയുടെ കോടതിയലക്ഷ്യ കേസില്‍ റിലയന്‍സ് കോം ഉടമ അനില്‍ അംബാനി നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ജനുവരി ഏഴിന് ജസ്റ്റിസുമാരായ ആര് എഫ് നിരമാന്‍ വിനീത് സാറന് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. എന്നാല്‍ അന്ന് വൈകീട്ട് സുപ്രീംകോടതി വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്ത ഉത്തരവില്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് അനില്‍ അംബാനിക്ക് ഇളവ് നല്‍കിയതായാണ് ഉണ്ടായിരുന്നത്.
ജനുവരി 10-ന് ഉത്തരവില്വന്നമാറ്റം എറിക്സണ് ഇന്ത്യയുടെ അഭിഭാഷകന് കോടതിയില്‍ ഉന്നയിച്ചു. തുടര്‍ന്ന് സുപ്രീംകോടതി നടത്തിയ പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടത്. തുറന്ന കോടതിയിലോ ജഡ്ജിമാരുടെ ചേംബറുകളിലോ നടത്തിയ ഉത്തരവുകള്‍ പുറത്ത് എത്തിക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം കോര്‍ട്ട് മാസ്റ്റര്‍മാര്‍ക്കാണ്.