അനിമേഷന്‍ ദിനമായ ഒക്ടോബര്‍ 28ന് കൊച്ചിയില്‍ കുട്ടികള്‍ക്കായി അനിമേഷന്‍ ശില്‍പ്പശാല
ലോക അനിമേഷന്‍ ദിനമായ ഒക്ടോബര്‍ 28ന് പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷന് എം എന്‍ ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട് കുട്ടികള്‍ക്കായി ഒരു അനിമേഷന്‍ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. 28 ശനിയാഴ്ച്ച് രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 1 മണിവരെ പത്തടിപ്പാലം കേരള ഹിസ്റ്ററി മ്യൂസിയം ഹാളിലാണ് പരിപാടി നടക്കുന്നത്. ‘സോഷ്യല്‍ മീഡിയയിലെ കാണാക്കുഴികള്‍’ എന്ന തീമിനെ ആസ്പദമാക്കി 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു അനിമേഷന്‍ ചിത്രമാണ് മൂന്നു മണിക്കൂറിനുള്ളില്‍ പിറവിയെടുക്കുന്നത്. കഥാതന്തു വികസിപ്പിക്കല്‍, സ്റ്റോറി ബോര്‍ഡ് തയ്യാറാക്കല്‍, അനിമേഷന്‍ നിര്‍മ്മിക്കല്‍ തുടങ്ങി ചിത്രനിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളും കുട്ടികള്‍ക്ക് അനാവരണം ചെയ്യുന്ന ഈ ശില്‍പ്പശാലയുടെ ക്യാമ്പ് ഡയറക്ടര്‍ കാര്‍ട്ടൂണ്‍ അക്കാദമി വൈസ്ചെയര്‍മാന്‍ ഇബ്രാഹിം ബാദുഷയാണ്. പ്രശസ്ത അനിമേറ്റര്‍മാരായ ജിതേഷ് പുളിമൂട്ടില്‍, മനോജ് കുമാര്‍ എം, ദേവദാസ് വില്‍സണ്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കുമെന്ന് പെറ്റല്‍സ് ഗ്ലോബ് കോര്‍ഡിനേറ്റര്‍ സനു സത്യന് അറിയിച്ചു. 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. രാവിലെ ഒമ്പതിന് രജിസ്ട്രേഷന് ആരംഭിക്കും. വിവരങ്ങള്‍ക്ക് 81370 33177 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. കുട്ടികള്‍ക്ക് ഒരു അനിമേഷന്‍ ചിത്രം എങ്ങിനെയാണ് ജനിക്കുന്നതെന്ന അറിവു പകരുന്നതിനൊപ്പം സോഷ്യല്‍ മീഡിയ എങ്ങിനെ ഗുണപരമായി ഉപയോഗിക്കാം എന്ന സന്ദേശവും കൂടി പകര്‍ന്നു നല്‍കുക എന്നതാണ് ഈ ശില്‍പ്പശാലയുടെ ലക്ഷ്യം എന്ന് സംഘാടകര്‍ അറിയിച്ചു.
INDIANEWS24.COM Kochi