728-pixel-x-90-2-learn
728-pixel-x-90
<< >>

അധ്യാപക-വിദ്യാര്‍ത്ഥി ലൈംഗിക ബന്ധം ഔദ്യോഗിക രേഖയാക്കാന്‍ കേംബ്രിഡ്ജില്‍ നീക്കം

ലണ്ടന്‍: അധ്യാപകരും അവര്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികളും തമ്മിലുള്ള ലൈംഗിക ബന്ധം പരസ്യപ്പെടുത്താനും അവ ഔദ്യോഗികമായി രേഖപ്പെടുത്താനും ലോകത്തിലെ ഏറ്റവും പ്രമുഖമായ സര്‍വ്വകലാശാലകളില്‍ ഒന്നായ കേംബ്രിഡ്ജ് നയം രൂപീകരിച്ചേക്കുമെന്നു ദി ടെലഗ്രാഫ് റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഉഭയകക്ഷി സമ്മതത്തോടെയുള്ളതും 18 വയസ്സിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളുമായുള്ളതുമായ ഇത്തരം ബന്ധങ്ങളാകും പരസ്യപ്പെടുത്തുകയെന്ന് അറിയുന്നു. കൂടാതെ ലൈംഗിക ബന്ധം പുലര്‍ത്തുന്ന വിവരം വകുപ്പ് മേധാവിയെ അറിയിച്ചിരിക്കണം അല്ലാത്തപക്ഷം നടപടി നേരിടേണ്ടിവരുമെന്ന നിബന്ധനയ്‌ക്കൊപ്പം ആ അധ്യാപകന്‍ പിന്നീട് പെരുമാറ്റചട്ടപ്രകാരമേ അവിടെ തുടരാനാകൂ എന്നുതും നയത്തിന്റെ ഭാഗമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്കു നേരേയുള്ള ലൈംഗിക ചൂഷണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ചൂണ്ടിക്കാട്ടിയാണ് സര്‍വ്വകലാശാല പുതിയ നയം രൂപീകരിക്കാനൊരുങ്ങുന്നത്.

പുതിയ നയം വരുന്നതോടെ ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന അധ്യാപകന്‍ തെറ്റുകാരനാകുന്നില്ല. എന്നാല്‍ ഇത്തരം ബന്ധളെ പരസ്യപ്പെടുത്തുകയും ഔദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്യുമ്പോള്‍ ആ വ്യക്തിക്ക് അധ്യാപകന്‍ എന്ന നിലയിലുള്ള അധികാരങ്ങള്‍ക്ക് കടിഞ്ഞാണുണ്ടാകുന്ന രീതിയെ കുറിച്ചാണ് സര്‍വ്വകലാശാല ആലോചിക്കുന്നത്. ലൈംഗിക ബന്ധം ചിലരോടുള്ള പ്രത്യേക താല്‍പര്യത്തിന് കാരണമാകുന്നതും അതിന് വഴങ്ങാത്ത വിദ്യാര്‍ത്ഥികളോട് പ്രതികൂല മനോഭാവത്തോടെ അധ്യാപകന്‍ പെരുമാറുന്നതും ഇതോടെ ഇല്ലാതാകുമെന്നാണ് സര്‍വ്വകലാശാല അധികൃതര്‍ കരുതുന്നത്. ഇത്തരം പ്രവണതകള്‍ അധ്യാപകരില്‍ നിന്നുണ്ടാകുന്നതിനാലാവാം പല വിദ്യാര്‍ത്ഥികളും ഒട്ടേറെ സഹിക്കേണ്ടിവരുന്നുണ്ടെന്നും സര്‍വ്വകലാശാല ചിന്തിക്കുന്നു.

ഹോളിവുഡ് നിര്‍മ്മാതാവായ ഹാര്‍വി വെയ്ന്‍സ്‌റ്റെയിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വൈറലായ മീ ടൂ ക്യാംപയിന്റെ ചുവടു പിടിച്ചാണ് സര്‍വ്വകലാശാല പുതിയ നടപടികളിലേക്ക് നീങ്ങുന്നത്. മീ ടൂ ക്യാംപയിനില്‍ കേംബ്രിഡ്ജിലെ നിരവധി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്ക് അവിടെ പ്രൊഫസര്‍മാരില്‍ നിന്നും നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സര്‍വ്വകലാശാലയുടെ പുതിയ നീക്കം.

The Telegraph News link :  https://goo.gl/ELdZHC

INDIANEWS24.COM INTERNATIONAL DESK

Leave a Reply