ന്യൂഡല്‍ഹി:ശത്രുരാജ്യമായി കണ്ട ഇന്ത്യയിലേക്ക് പാക്കിസ്ഥാനില്‍ നിന്നും ഹാമിദ് ഇംറാനും കുടുംബവും വന്നത് വലിയ ആശങ്കയോടെയാണ്.മകളുടെ സുഖകരമായ ചികിത്സ പൂര്‍ത്തിയാക്കി തിരികെ പോകുമ്പോള്‍ ഈ കുടുംബത്തിന് ഇന്ത്യയോടുള്ള നന്ദിയിലും സ്നേഹത്തിലും അതിരുകളില്ലാതായിരിക്കുന്നു.
പാക്കിസ്ഥാനിലേക്ക് തിരിച്ച ഇംറാന്റെ അതിരുകടന്ന സ്നേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ ‘ എല്ലാ സങ്കല്‍പ്പങ്ങളും മാറ്റിക്കളഞ്ഞു, ഇന്ത്യ.ശത്രു രാജ്യമായി ഞങ്ങളുടെ നാട്ടുകാര്‍ കണക്കാക്കുന്ന ഒരു വിദേശ രാജ്യമാണ് എന്നു ഞാന്‍ മറന്നു പോയി.സ്നേഹവും സൗഹാര്‍ദ്ദവും കൊണ്ട് എന്നെ അതിശയിപ്പിച്ചു ഈ രാജ്യം.നന്ദിയുണ്ട്,എന്റെ മകളെ മരണത്തില്‍നിന്ന് രക്ഷപ്പെടുത്തിയതിന് ‘.
ഇംറാന്റെ മകള്‍ നാലൈന് റുബാബിന്റെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കെത്തിയതാണ് ഈ കുടുംബം.ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു ചികിത്സ.കരള്‍ മാറ്റിവെക്കല്‍ പോലെ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ നടത്താനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് ഹാമിദ് മകളുമായി ഇന്ത്യയിലേക്ക് വന്നത്.സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ഹാമിദ് ചികിത്സ ചിലവ് കണ്ടെത്താന്‍ വല്ലാതെ ബുദ്ധിമുട്ടി.85 ലക്ഷം രൂപയാണ് ചിലവ് വന്നത്.ഏറെ കഷ്ടപ്പെട്ട് ഇംറാന്‍ തുക മുഴുവന്‍ സ്വരുകൂട്ടിയെങ്കിലും പാക്കിസ്ഥാനില്‍ ഇത്തരം ശസ്ത്രക്രിയകള്‍ നടത്താനാകില്ലെന്നത് വീണ്ടും ബുദ്ധിമുട്ടിലാക്കി.ഒടുവില്‍ ആശങ്കകള്‍ മറന്ന് ഇന്ത്യയിലേക്ക് വരാന്‍ തീരുമാനിച്ചു.
വിഭജനകാലത്ത് ഇന്ത്യയിലേക്ക് വന്ന ഒരു പാക്കിസ്ഥാനി കുടുംബാമാണ് ഹാമിദിന് ഇന്ത്യയില്‍ ആതിഥേയരായത്.പണ്ട് പാക്കിസ്താനില്‍ ഹാമിദിന്റെ അയല്‍വാസി ആയിരുന്ന സര്‍ദാര്‍ രത്തന്‍ ദീപ് സിംഗ് കോഹ്ലി ഇപ്പോള്‍ സകുടുംബം ദില്ലിയിലാണ് താമസം.അദ്ദേഹവും കുടുംബവും ഹാമിദിനും മകള്‍ക്കും നല്ല ആതിഥേയരായി.അവര്‍ കുട്ടിക്ക് ആവശ്യമായ എല്ലാ സൗകര്യവും ഒരുക്കി.മൂന്ന് മാസമാണ് ഇംറാനും കുടുംബവും ആശുപത്രിയില്‍ കഴിഞ്ഞത്.ഈ ദിവസങ്ങളിലെല്ലാം കോഹ്ലിയുടെ കുടുംബത്തിലെ ആരെങ്കിലും ആശുപത്രിയില്‍ കൂട്ടിരിക്കുമായിരുന്നു.ആ കുടുംബം തങ്ങള്‍ക്കായി എന്നും വിഭവ സമൃദ്ധമായ ഭക്ഷണം ഉണ്ടാക്കിവച്ചത് ഇംറാന്‍ നന്ദിയോടെ പറഞ്ഞു.ഇന്ത്യയില്‍ കഴിഞ്ഞ നാളുകളിലൊന്നും ഒരു പ്രശ്നവും ഉണ്ടായില്ല.ചികിത്സ തീര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇംറാനും മകളും പാക്കിസ്താനിലേക്ക് മടങ്ങിയത്.അതിര്‍ത്തി സൈനികര്‍ തങ്ങളുടെ വാഹനം സുരക്ഷിതമായി കടന്നുപോവാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു തന്നതായും ഇംറാന്‍ പറഞ്ഞു.
INDIANEWS24.COM NEWDELHI