മോഹന്‍ലാലിനെ എട്ടു മാസങ്ങള്‍ക്ക് ശേഷം വെള്ളിത്തിരയില്‍ കണ്ടതിന്റെ ആവേശത്തിലാണ് ആരാധകര്‍.പക്ഷെ നീണ്ട ഇടവേളകള്‍ക്കു ശേഷം ആരാധകര്‍ക്ക് ആഘോഷിക്കുവാന്‍ പാകത്തിനുള്ള ചിത്രം എന്ന പതിവ് തെറ്റിക്കുകയാണ് നീരാളി എന്ന മോഹന്‍ലാല്‍ ചിത്രം.വ്യത്യസ്തമായ ഒരു കാഴ്ചയാണ് നീരാളി സമ്മാനിക്കുന്നത്.ആഘോഷ ചിത്രമാക്കുവാന്‍ പറ്റുന്ന വിഭവങ്ങള്‍ ഏറെയുള്ള സൂപ്പര്‍ ഹൈവേ വിട്ടു നീരാളിപ്പിടുത്തത്തിന്റെ കല്ലും മുള്ളും നിറഞ്ഞ പാത സ്വീകരിച്ച സംവിധായകന് അജോയ് വര്‍മ്മയ്ക്കും തിരക്കഥാകൃത്ത് സാജു തോമസിനും ഒപ്പം അവര്‍ക്ക് പിന്‍ബലമേകിയ മോഹന്‍ലാലും അഭിനന്ദനമര്‍ഹിക്കുന്നു.
ഹീറോയിസത്തിന്റെ ലാഞ്ചനയില്ലാത്ത ഒരു കമ്മേഴ്സ്യല്‍ ചിത്രം അടുത്തിടെ ലാലില്‍ നിന്നും കാണാത്ത പ്രേക്ഷകര്‍ക്ക് നീരാളി ഒരു വിഭിന്ന അനുഭവമാകും.കാടിനും കൊക്കയ്ക്കും പാമ്പിനുമൊക്കെ മുന്നില്‍ പരുങ്ങുന്ന സണ്ണി ജോര്‍ജ്ജ് ലാലിന്റെ കയ്യില്‍ ഭദ്രമായി.സണ്ണിയുടെ കഥാപാത്രത്തിന്റെ സ്വഭാവത്തെ ആദ്യ ഷോട്ടില്‍ തന്നെ രേഖപ്പെടുത്തുകയും പലപ്പോഴും അതിനു അടിവരയിടുന്ന സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത സംവിധായകനും തിരക്കഥാകൃത്തും എടുക്കുന്ന മുന്‍കൂര്‍ ജാമ്യം ചിത്രത്തെ ഒരു വ്യത്യസ്ത ആസ്വാദനത്തോടെ സമീപിക്കാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നു.എടുത്ത് പറയേണ്ട മറ്റൊരു പ്രകടനം സുരാജ് വെഞ്ഞാറമൂടിന്റെതാണ്.സുരാജിന്റെ വീരപ്പന് എന്ന കഥാപാത്രത്തെ ലാലിന്റെ സണ്ണി ജോര്‍ജ്ജ് വിശേഷിപ്പിക്കുന്നത് പുറമേ ചിരിക്കുകയും മഴയത്ത് കരയുകയും ചെയ്യുന്ന ചാര്‍ളി ചാപ്ലിനോടാണ്.പതിറ്റാണ്ടുകള്‍ക്ക് ശേഷം ലാലിന്റെ നായികയായി എത്തുന്ന നാദിയയുടെ കയ്യില്‍ മോളിക്കുട്ടി എന്ന കഥാപാത്രം ഭദ്രമായി.പാര്‍വതി നായര്‍ അവതരിപ്പിച്ച സണ്ണിയുടെ സഹപ്രവര്‍ത്തകയുടെ വേഷവും ചിത്രത്തില്‍ നിര്‍ണ്ണായകമായി.നാസർ,ദിലീഷ് പോത്തൻ,ബിനീഷ് കൊടിയേരി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തെ അനുസ്മരിപ്പിക്കുന്ന രംഗങ്ങള്‍ പ്രേക്ഷകനെ തിയേറ്ററില്‍ എത്താന്‍ പ്രേരിപ്പിക്കുമെങ്കിലും നീരാളി പോലൊരു വിഭിന്ന ട്രീറ്റ്മെന്റില്‍ സണ്ണി-മോളിക്കുട്ടിയില്‍ നിന്നും ലാലിലേക്കും നദിയയിലേക്കും അത് പ്രേക്ഷകനെ കൊണ്ട് പോകുന്നതിനാല്‍ ചില പ്രേക്ഷകര്‍ക്കെങ്കിലും ആ രംഗങ്ങള്‍ കല്ലുകടിയായി അനുഭവപ്പെടും.യശശരീനായ എം കൃഷ്ണന് നായര്‍ പണ്ട് കലാകൌമുദിയിലെ സാഹിത്യ വരഫലത്തില്‍ സ്ത്രീയുടെ സ്നേഹത്തെ ഇന്ത്യന്‍ കോഫീ ഹൌസിലെ ഉപ്പുപാത്രത്തോട് ഉപമിച്ചെഴുതിയ ഒരു ഫലിതം ലാലിന്റെ സണ്ണി ജോര്‍ജ് പറയുന്നത് തിയേറ്ററില്‍ കയ്യടി നേടുന്നു.സാഹിത്യ വിമര്‍ശകനായ എം കൃഷ്ണന്‍നായര്‍ പത്രപ്രവര്ത്തകന് കൂടിയായ സാജു തോമസ് എടുത്ത സ്വതന്ത്ര്യത്തെ അഭിനന്ദിക്കാനാണ് സാധ്യത.
ദസ്തോല, എസ് ആർ കെ എന്നീ ഹിന്ദി ചിത്രങ്ങളുടെ സംവിധായകനും മൈ വൈഫ്സ് മർഡർ ഉൾപ്പെടെയുള്ള ഹിന്ദി ചിത്രങ്ങളുടെ എഡിറ്ററുമായിരുന്ന സംവിധായകന് അജോയ് വര്‍മ്മ തന്നെയാണ് നീരാളിയുടെ എഡിറ്റർ. സംവിധായകനു പുറമേ പ്രധാന അണിയറ പ്രവർത്തകരും ബോളിവുഡിൽനിന്നുള്ളവരാണെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. റുസ്തം, റൗഡി റാത്തോർ, ക്രിഷ്, ജയ് ഹോ തുടങ്ങിയ വന്‍ ചിത്രങ്ങൾക്കു ക്യാമറ നിർവഹിച്ച സന്തോഷ് തുണ്ടിയിലാണ് ക്യാമറാമാൻ. സ്റ്റീഫൻ ദേവസ്സിയുടെ സംഗീതം ചിത്രത്തിനു മിഴിവേകി.ചിത്രത്തിന്റെ മെയ്ക്കപ്പ് ബോളിവുഡ്സ്റ്റൈലിസ്റ്റ് സെറീന ടെക്സീറയാണ് നിര്‍വ്വഹിച്ചത്, ബോളിവുഡിലെ പ്രശസ്തരായ സുനിൽ റോഡ്രിഗസ് ആക്ഷൻ, അരുൺ നമ്പ്യാർ സൗണ്ട് ഡിസൈനിങ്, ഹിമാൻഷി നിജാവൻ കോസ്റ്റ്യമും ,lഉദയ് പ്രകാശ് സിംഗ് കലാ സംവിധാനവും നിര്‍വ്വഹിക്കുന്നു.മോഹന്‍ലാലിന്റെ മേക്കപ്പ് ലിജു കുമാറും,ഹെയര്‍ ഡ്രസ്സിംഗ് ബിജീഷ് ബാലകൃഷ്ണനും വസ്ത്രാലങ്കാരം മുരളിയും നിര്‍വ്വഹിച്ചു.മൂണ്‍ ഷോട്ട് എന്റർടൈൻമെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
മലയാളത്തിലെ പ്രഥമ അതിജീവന ചിത്രം ( survival movie) എന്ന നിലയില്‍ നീരാളിയെ പ്രേക്ഷകര്‍ സ്വീകരിക്കേണ്ടതുണ്ട്.ടോം ഹാങ്ക്സിന്റെ കാസ്റ്റ് എവേ, ഡാനി ബോയ്ലിന്റെ 127 അവേഴ്സ് തുടങ്ങിയ അതിജീവന ചിത്രങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സ്വാഭാവികമായ ഒരു അവതരണ രീതിയാണ് നീരളിയില് സ്വീകരിച്ചിരിക്കുന്നത്.വാണിജ്യപരമായ നീക്കുപോക്കുകള്‍ക്ക് വശംവദരാകാതിരുന്നത് അഭിനന്ദനീയമാണ്.ഒരു ത്രില്ലര്‍ എന്നതിലുപരി മനുഷ്യ മനസിന്റെ വൈവിധ്യവും അതിജീവനത്തിനായി നിസാരനായ മനുഷ്യന് നടത്തുന്ന നീക്കുപോക്കുകളുടെ ഒരു കണക്കെടുപ്പിനും “പ്രകൃതിയുടെ കൈത്താങ്ങുമായി” ചിലര്‍ അതിജീവനം നേടുന്നതിനുമാണ് ചിത്രം ഊന്നല്‍ നല്‍കുന്നത്.ഒരു പക്കാ മാസ്സ് ത്രില്ലര്‍ പ്രതീക്ഷിക്കാതെ തിയേറ്ററില്‍ എത്തുനവരെ നീരാളി നിരാശരാക്കില്ല.ഇത്തരം പരീക്ഷണങ്ങള്‍ക്ക് “അതിജീവനം” ലഭിക്കേണ്ടത് മാറാന്‍ വെമ്പുന്ന മലയാള സിനിമയ്ക്ക് ഒരു ആവശ്യവുമാണ്.ലോക നിലവാരത്തിലുള്ള അഭിനേതാക്കള്‍ കൂടിയായ നമ്മുടെ സൂപ്പര്‍ താരങ്ങള്‍ക്ക് കാലാതിവര്‍ത്തിയായ ചിത്രങ്ങള്‍ ഒരുക്കുവാന്‍ കൈ അയച്ചു ഒരു കൈത്താങ്ങ് നല്കാന് നമ്മള് പ്രേക്ഷകരും ബാധ്യസ്ഥരാണ്.കെട്ടുകാഴ്ചകളില്‍ തളച്ചിടപ്പെടേണ്ടവരല്ല നമ്മുടെ പ്രിയ താരങ്ങള്‍ എന്നോര്‍ക്കുക.
SANU SATHYAN INDIANEWS24 MOVIE DESK