ഡല്‍ഹി, രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന് പ്രഖ്യാപിച്ചു. ഛത്തീസ്ഗഡില്‍ രണ്ടു ഘട്ടമായും മറ്റു സംസ്ഥാനങ്ങളില്‍ ഒരു ഘട്ടമായുമാണ് വോട്ടെടുപ്പ്. ഡിസംബര്‍ എട്ടിന് ഫലം പ്രഖ്യാപിക്കും. ഛത്തീസ്ഗഡില്‍ നവംബര്‍ 11, 19 തീയതികളിലാണ് വോട്ടെടുപ്പ്. മധ്യപ്രദേശില്‍ നവംബര്‍ 25, രാജസ്ഥാനില്‍ ഡിസംബര്‍ ഒന്നിനും ഡല്‍ഹിയിലും മിസോറാമിലും ഡിസംബര്‍ നാലിനും വോട്ടെടുപ്പ് നടക്കും. എല്ലാ സംസ്ഥാനങ്ങളിലും പൂര്‍ണമായും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാവും ഉപയോഗിക്കുക.
സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ ഈ സംസ്ഥാനങ്ങളില്‍ നിഷേധ വോട്ടിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. എഴുപതു സീറ്റുകളുള്ള ഡല്‍ഹിയിലും നാല്‍പ്പതു സീറ്റുകളുള്ള മിസോറാമിലും 200 സീറ്റുകളുള്ള രാജസ്ഥാനിലും കോണ്‍ഗ്രസാണ് ഭരണം നടത്തുന്നത്. 90 സീറ്റുള്ള ഛത്തീസ്ഗഡിലും 230 സീറ്റുള്ള മധ്യപ്രദേശിലും ബിജെപിയാണ് ഭരണതലപ്പത്ത്.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പുള്ള സെമിഫൈനല്‍ എന്ന നിലയില്‍ കേന്ദ്രം ഭരിക്കുന്ന യുപിഎയ്ക്കും മുഖ്യപ്രതിപക്ഷമായ ബിജെപിക്കും ശക്തിപരീക്ഷണത്തിനുള്ള അവസാന അവസരമാണ് ഈ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്. തീയതികള്‍ പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.