728-pixel-x-90-2-learn
728-pixel-x-90
<< >>

അഞ്ചാമതും ഓസ്‌ട്രേലിയ; അഞ്ച് ഭൂഖണ്ഡങ്ങളിലും കിരീട നേട്ടം

മെല്‍ബണ്‍:ഏകദിന ലോകകപ്പ് ക്രിക്കറ്റ് രാജാക്കന്‍മാര്‍ ഇനി മുതല്‍ ഓസ്‌ട്രേലിയ.ആദ്യമായി ഫൈനലിലെത്തിയ ന്യൂസീലാന്‍ഡിന് കളിയുടെ ഒരു ഘട്ടത്തില്‍ പോലും ആശയ്ക്കിട നല്‍കാതെയാണ് അഞ്ചാമതും ഓസീസ് ലോകക്രിക്കറ്റ് കിരീടം സ്വന്തമാക്കിയ്ത്.

11-ാം ലോക ക്രിക്കറ്റ് കിരീടം ഓസ്‌ട്രേലിയ സ്വന്തമാക്കിയതോടെ അഞ്ച് ഭൂഖണ്ഡങ്ങളിലും കിരീടം നേടുന്ന ടീമായി മാറി.1987-ഏഷ്യ(ഇന്ത്യ),1999-യൂറോപ്പ്(ഇംഗ്ലണ്ട്),2003-ആഫ്രിക്ക(ദക്ഷിണാഫ്രിക്ക),2007-വടക്കേ അമേരിക്ക(വെസ്റ്റ് ഇന്‍ഡീസ്),2015-ഓസ്‌ട്രേലിയ(ഓസ്‌ട്രേലിയ എന്നിങ്ങനെയാണ് ഓസീസിന്റെ കിരീട നേട്ട ചരിത്രങ്ങള്‍.

മികച്ച ബോളിങ്ങിലൂടെയും പിന്നീട് ബാറ്റിങ്ങിലൂടെയും കിവികളുടെ പ്രതീക്ഷകള്‍ പാടെ തെറ്റിച്ച ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് നായകന്‍ ക്ലാര്‍ക്കിന് ഉജ്ജ്വല യാത്രയയപ്പ് നല്‍കാനായി.ഫൈനലില്‍ അര്‍ധ സെഞ്ചുറിയോടെ(74) ടീമിനെ വിജയത്തിലേക്ക് നയിച്ചത് ക്ലാര്‍ക്കാണ്.എന്നും നായകന്‍മാരെ തിരഞ്ഞെടുക്കുന്നത് വലിയ ദീര്‍ഘവീക്ഷണത്തോടെ കാണുന്ന ഓസീസ് അധികൃതര്‍ ക്ലാര്‍ക്കിന്റെ പിന്‍ഗാമിയാക്കിയേക്കുമെന്ന് കരുതപ്പെടുന്ന സ്റ്റീവന്‍ സ്മിത്ത് അര്‍ധസെഞ്ചുറിയുമായി(56)പുറത്താകാതെ നിന്നു.

33 ഓവറില്‍ ഷെയിന്‍ വാട്‌സണെ സാക്ഷിയാക്കിയായിരുന്നു ഓസീസ് അഞ്ചാം ലോകകിരീടം നേടിയത്.ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും (മാര്‍ട്ടിന്‍ ഗപ്റ്റില്‍ – 547 റണ്‍സ്) ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരവുയും (ട്രെന്റ് ബോള്‍ട്ട് – 22 വിക്കറ്റ്) തങ്ങളുടെ സംഭാവനയാണെന്ന ആശ്വാസത്തില്‍ കിവീസിന് കണീരൊപ്പാം.

സ്‌കോര്‍: ന്യൂസീലന്‍ഡ് 45 ഓവറില്‍ 183 റണ്‍സിന് എല്ലാവരും പുറത്ത്. ഓസ്‌ട്രേലിയ 33.1 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ്.മൂന്നു വിക്കറ്റുകളുമായി ന്യൂസീലന്‍ഡ് ഇന്നിങ്‌സിന്റെ നടുവൊടിച്ച ഫോക്‌നറാണ് കളിയിലെ കേമന്‍.22 വിക്കറ്റുകളുമായി ഓസീസിന്റെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച മിച്ചല്‍ സ്റ്റാര്‍ക്ക്് മാന്‍ ഓഫ് ദി സീരീസ് ആയി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് നിശ്ചയിച്ച 184 റണ്‍സ് എന്ന ചെറിയ വിജയലക്ഷ്യത്തിലെത്താന്‍ ഇറങ്ങിയ ഓസീസിന് തുടക്കത്തില്‍തന്നെ തിരിച്ചടിയേറ്റു.സ്‌കോര്‍ ബോര്‍ഡില്‍ രണ്ടു റണ്‍സ് മാത്രമുള്ളപ്പോള്‍ വമ്പനടികള്‍ക്ക് പേരുകേട്ട ആരോണ്‍ ഫിഞ്ച് മടങ്ങി.അഞ്ചു പന്തുകള്‍ നേരിട്ട് റണ്‍സ് ഒന്നുമെടുക്കാതെയായിരുന്നു ഫിഞ്ചിന്റെ മടക്കം.പിന്നീടെത്തിയ മുന്‍ കളിയിലെ ഹീറോ സ്റ്റീവന്‍ സ്മിത്തിനെ കൂട്ടു പിടിച്ച് ഡേവിഡ് വാര്‍ണര്‍ ആക്രമണത്തിലേക്ക് കടന്നതോടെ ടീം ഉണര്‍ന്നു.സ്‌കോര്‍ ബോര്‍ഡില്‍ 63 റണ്‍സ് എത്തിയപ്പോള്‍ വാര്‍ണറും മടങ്ങി.ഹെന്റിക്കായിരുന്നു വിക്കറ്റ്.46 പന്തില്‍ ഏഴു ബൗണ്ടറികളുടെ സഹായത്തോടെ നേടിയ 45 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ വാര്‍ണറിന്റെ സമ്പാദ്യം.

പിന്നീടെത്തിയത് രാജ്യാന്തര കരിയറിലെ തന്റെ അവസാന ഏകദിനം കളിക്കുന്ന മൈക്കല്‍ ക്ലാര്‍ക്ക്. ഒപ്പം സ്റ്റീവന്‍ സ്മിത്തും ചേര്‍ന്നതോടെ കിവികളുടെ വിജയപ്രതീക്ഷ അസ്തമിച്ചു.മോശം ബോളുകളെ തിരഞ്ഞു പിടിച്ചാക്രമിച്ച ഇരുവരും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട്(112) പടുത്തുയര്‍ത്തിയതോടെ ഓസീസ് വിജയം ഉറപ്പിച്ചു. 31-ാം ഓവറില്‍ ടിം സൗത്തിയെ തുടര്‍ച്ചായി നാലു തവണ ക്ലാര്‍ക്ക് അതിര്‍ത്തി കടത്തി.അടുത്ത ഓവറില്‍ ഹെന്റിയുടെ പന്തില്‍ കുറ്റി തെറിച്ച് മടങ്ങുമ്പോഴേക്കും ക്ലാര്‍ക്ക് തന്റെ ടീമിന്റെ വിജയം ഉറപ്പിച്ചിരുന്നു(72 പന്തുകളില്‍ നിന്നും 10 ബൗണ്ടറികളുടെയും ഒരു സിക്‌സിന്റെയും സഹായത്തോടെ നേടിയ 74 റണ്‍സായിരുന്നു). പുറത്താകുമ്പോള്‍ അദേഹത്തിന്റെ സമ്പാദ്യം. പിന്നീടെയത്തിയ വാട്‌സനൊപ്പം(2) സ്മിത്ത് ടീമിനെ വിജയത്തിലെത്തിച്ചു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലാന്‍ഡ് 45 ഓവറില്‍ 183 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.ഒരു ഘട്ടത്തില്‍ 100 കടക്കുമോ എന്നു സംശയമുണര്‍ത്തിയ ന്യൂസീലാന്‍ഡിനെ ഗ്രാന്‍ഡ് ഇലിയറ്റിന്റെ മികച്ച ഇന്നിങ്‌സാണ്(82 പന്തില്‍ 83 റണ്‍സ്) ആണ് 183ല്‍ എത്തിച്ചത്. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം നാലാം വിക്കറ്റില്‍ റോസ് ടെയ്‌ലറും(40) ഇലിയട്ടും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത സെഞ്ചുറി കൂട്ടുകെട്ട്(111) ന്യൂസിലന്‍ഡിന് മികച്ച സ്‌കോര്‍ നല്‍കുമെന്ന് കരുതിയെങ്കിലും അവസാന ഏഴു വിക്കറ്റുകള്‍ വെറും 33 റണ്‍സിനിടെ നഷ്ടപ്പെടുത്തിയ അവര്‍ ചെറിയ സ്‌കോറില്‍ ഒതുങ്ങുകയായിരുന്നു. ഓസ്‌ട്രേലിയയ്ക്കായി ഫോക്‌നര്‍, ജോണ്‍സണ്‍ എന്നിവര്‍ മൂന്നും സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മാക്‌സ്‌വെല്ലിനാണ് ഒരു വിക്കറ്റ്.

INDIANEWS24 SPORTS DESK

Leave a Reply