jio 800x100
jio 800x100
728-pixel-x-90
<< >>

അച്ചന്‍ കൊമ്പത്ത്; അമ്മ വരമ്പത്ത്

അച്ചന്‍ പറഞ്ഞത് കേട്ട് ഇടുക്കിയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി. അമ്മയുടെ ആളെ ചാലക്കുടിയിലും മത്സരിപ്പിച്ചു. രണ്ട് പേരും ജയിക്കുകയും ചെയ്തു. പക്ഷേ, അച്ചന്‍റെയും അമ്മയുടെയും എംപിമാര്‍ സിപിഎമ്മിന് തലവേദനയാകുമെന്ന് ഫലം വന്ന് ഒരാഴ്ചപോലും പിന്നിടും മുന്നേ ഏറെക്കുറെ ഉറപ്പായി. അച്ചന്‍ കൊമ്പത്ത്, അമ്മ വരമ്പത്ത്… എന്ന് ചെങ്കൊടിക്ക് പാടേണ്ടി വരുമോ എന്നേ ഇനി അറിയാനുള്ളൂ.

പറഞ്ഞുവരുന്നത് ജോയ്സ് ജോര്‍ജിനെയും ഇന്നസന്റിനെയും കുറിച്ചുതന്നെ. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍റെ പേരില്‍ യുഡിഎഫിനോട് ഇടഞ്ഞുനിന്ന കത്തോലിക്കാസഭയെ ചാക്കിലാക്കാന്‍ ഇടുക്കിയില്‍ സിപിഎം കണ്ടെത്തിയതാണ് ജോയ്സ് ജോര്‍ജ്ജിനെ. ചാലക്കുടിയില്‍ ന്യൂനപക്ഷവോട്ടുകള്‍ സ്വന്തമാക്കാന്‍ താരപരിവേഷത്തിന്‍റെ പൌഡറിട്ട് ഇന്നസെന്റിനെയും അവതരിപ്പിച്ചു. ഇടുക്കിയില്‍ ജോയ്സ് കോണ്‍ഗ്രസിന്‍റെ ഡീന്‍ കുര്യാക്കോസിനെ ദയനീയമായി പരാജയപ്പെടുത്തി. ചാലക്കുടിയില്‍ ഇന്നസന്‍റ് കോണ്‍ഗ്രസിന്‍റെ പി സി ചാക്കോയെ മലര്‍ത്തിയടിച്ചു. പക്ഷെ, പറഞ്ഞിട്ടെന്തു കാര്യം.

പണ്ടൊക്കെ സ്വതന്ത്രന്‍ പിന്നെപ്പിന്നെ, ഇപ്പോള്‍ സ്വതന്ത്രന്‍ കൂടെക്കൂടെ എന്നാണ് സിപിഎമ്മിനെ സംബന്ധിച്ച പ്രമാണം. ജയിച്ച സ്ഥാനാര്‍ഥികളുടെ സ്വീകരണയോഗങ്ങളിലെ പടക്കങ്ങള്‍ മുഴുവന്‍ പൊട്ടിത്തീര്‍ന്നിട്ടില്ല. അതിനു മുമ്പുതന്നെ ജോയ്സും ഇന്നസെന്റും നിറംമാറാനുള്ള സൂചനകള്‍ നല്‍കിക്കഴിഞ്ഞു.

 

ഇന്നസന്‍റ് എന്നാല്‍ നിഷ്കളങ്കന്‍ എന്നാണ് മലയാളം. എന്നാല്‍, മോഡി ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണയ്ക്കുമെന്ന് ഇന്നസെന്റ് പറയുമ്പോള്‍ അതത്ര നിഷ്കളങ്കമാണോ എന്ന് കാത്തിരുന്നു കാണണം. കല്യാണരാമന്‍ സിനിമയില്‍ ലാലു അലക്സും ലാലും മദ്യപിക്കുമ്പോള്‍ ഒരു ഗ്ലാസ്‌ കൊണ്ടുവന്ന് വെച്ചിട്ട് വേയ്സ്റ്റ് വല്ലതും ഉണ്ടെങ്കില്‍ ഇതില്‍ ഒഴിച്ചേക്കൂ എന്ന് ഇന്നസന്‍റ് പറയുന്ന ഒരു സീന്‍ ഉണ്ട്. അതുപോലെ മോഡിയുടെ മുന്നില്‍ ഒരു വേയ്സ്റ്റ് ഗ്ലാസ്‌ വെച്ചതാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റംപറയാന്‍ കഴിയില്ല. അല്ലെങ്കിലും മുസ്ലീങ്ങളോട് ഉള്ളതിലും സ്നേഹമാണ് മോഡിക്ക് സിനിമാക്കാരോട്. അതുകൊണ്ടാണല്ലോ സത്യപ്രതിജ്ഞയ്ക്ക് വന്നില്ലെങ്കില്‍ ഞാന്‍ പാര്‍ലമെന്റിന്റെ ഉത്തരത്തില്‍ കെട്ടിത്തൂങ്ങി ചത്തുകളയുമെന്ന് അങ്ങോര്‍ സുരേഷ് ഗോപിയോട് പറഞ്ഞത്.

സി…അതുകുറെ കണ്ടതാ, പി…അതുംകുറെ കണ്ടതാ, എം…അതും ഒത്തിരി കണ്ടിട്ടുണ്ട്. അതുകൊണ്ട് ഇനി വേറെ വല്ലതും നോക്കാം. വല്ല ബിയോ ജെയോ പിയോ ഒക്കെ. എങ്ങാനും ഒരു സഹമന്ത്രിസ്ഥാനം വല്ലതും അടിച്ചാലോ. അന്നുവേണം കൊടിവെച്ച കാറില്‍ എകെജി സെന്ററില്‍ ചെല്ലാന്‍. എംപിമാരോട് എങ്ങനെയാ പെരുമാറേണ്ടത് എന്ന് പിണറായി വിജയനെ പഠിപ്പിക്കാന്‍.

സിപിഎമ്മിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ അംഗമാകാന്‍ തന്നെ കിട്ടില്ലെന്നാണ് ജോയ്സ് ജോര്‍ജ്ജിന്‍റെ വെളിപാട്. തന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി ഹൈറെഞ്ച് സംരക്ഷണസമിതിയും പോളിറ്റ്ബ്യൂറോ ഇടുക്കി ബിഷപ്പുമാണെന്ന് പറഞ്ഞില്ലെന്ന് മാത്രം. പട്ടയം, കസ്തൂരി രംഗന്‍ വിഷയങ്ങളില്‍ എല്‍ഡിഎഫിനോപ്പം നില്‍ക്കുമെന്ന മഹത്തായ പ്രസ്താവനയും അദ്ദേഹം നടത്തിയിട്ടുണ്ട്.

വട്ടവടയിലെ ഭൂമികയ്യേറ്റം ഉള്‍പ്പെടെ അടിക്കാനുള്ള വടി യുഡിഎഫിന്‍റെ കയ്യിലിരിക്കുമ്പോള്‍ വലതുവശം ചേര്‍ന്ന് നടക്കുകയാകും നല്ലതെന്ന് ജോയ്സ് എന്ന അഭിഭാഷകന് മറ്റാരും പറഞ്ഞുകൊടുക്കേണ്ടതില്ല. മണിയാശാന്‍ നിന്നാല്‍ പോലും ജയിക്കുമായിരുന്നു എന്നിരിക്കെ വേലിയില്‍ കിടന്ന ജോയ്സിനെ എടുത്ത് വേണ്ടാത്തിടത്ത് വെച്ച സിപിഎമ്മിന്‍റെ ടൈം ബെസ്റ്റ് ടൈം.

Leave a Reply